എലത്തൂർ ഡിപ്പോയിൽനിന്ന് ചോർന്ന ഡീസൽ മണ്ണിൽ കലർന്ന ഭാഗങ്ങളിൽ അതിൻ്റെ പ്രത്യാഘാതം ഏറെക്കാലം നീണ്ടുനിൽക്കും.
മണ്ണിൽ കലർന്നഭാഗത്ത് ഭൂഗർഭജലത്തിലേക്ക് ഡീസലിൻ്റെ അംശം ഇറങ്ങുമെന്ന് സി.ഡബ്ള്യു.ആർ.ഡി.എം. ഇക്കോളജി ആൻഡ് എൻവയൺമെന്റൽ സയന്റിസ്റ്റ് ഡോ. വി.എസ്. ചിത്ര പറഞ്ഞു. അതുകൊണ്ട് സ്വാഭാവികമായി പ്രദേശത്തെ കിണറുകളെ ബാധിക്കും. പക്ഷേ, തീരദേശത്തോടുചേർന്ന മേഖലയായതുകൊണ്ട് പ്രശ്നമുണ്ടായ കിണറുകളെ കുടിവെള്ളത്തിന് ആശ്രയിക്കുന്നില്ല എന്നതാണ് ഏക ആശ്വാസം.
അതേസമയം, ജലാശയത്തിൽ പരന്ന ഡീസൽ മണ്ണിൽ ചേരില്ലെങ്കിലും മത്സ്യങ്ങളെ ഉൾപ്പെടെ ബാധിക്കും. വെള്ളത്തിനുമുകളിൽ പാടപോലെയാണ് ഡീസൽ കാണപ്പെടുക. മുകൾത്തട്ടിൽ കെട്ടിടക്കിടക്കുന്നതിനാൽ ഡിസോൾവിങ് ഓക്സിജൻ ഉണ്ടാവില്ല. ഇത് മത്സ്യങ്ങളും മറ്റുജീവികളും ചാവാൻ കാരണമാവും.
ഡീസൽ പുഴയിലേക്കെത്തിയതിനാൽ അവിടെയും അതിന്റെ പ്രശ്നങ്ങളുണ്ടാവും. ഡീസൽ പരന്നൊഴുകിയ തോട്, സമീപത്തെ കിണർ എന്നിവിടങ്ങളിൽനിന്ന് സി.ഡബ്ള്യു.ആർ.ഡി.എം. സംഘം സാംപിളുകൾ ശേഖരിച്ചു. വെള്ളത്തിൽ എത്രമാത്രം ഡീസലിൻ്റെ അംശമുണ്ടെന്ന് ലാബിൽ പരിശോധിക്കും.
വീണ്ടെടുത്തത് പതിനായിരം ലിറ്റർ
