മൂവാറ്റുപുഴ: പായപ്ര കവലയില്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഇന്ന് പുലര്‍ച്ചെ 3.30ഓടെയുണ്ടായ അപകടത്തില്‍ പേഴയ്ക്കാപ്പിള്ളി പുത്തന്‍പുരയില്‍ വേലക്കോട്ട് സഹജാസ് സൈനുദ്ധീന്‍ (28) ആണ് മരിച്ചത്. മൂവാറ്റുപുഴയില്‍ നിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി സഡന്‍ ബ്രേക്ക് ഇട്ടതോടെ ഇതേ ദിശയില്‍ പിന്നാലെ എത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ലോറിക്കു പിന്നില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സഹജാസിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹജാസ് സൈനുദ്ധീന്റെ ഒപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് കിഴക്കേക്കര സ്വദേശി ഷാഹുല്‍ ഹമീദിനും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഷാഹുല്‍ ഹമീദിനെ മൂവാറ്റുപുഴയിലെ സ്വകാര്യആശുപത്രിയും തുടര്‍ന്ന കോലഞ്ചേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഐടി കമ്പനി ജീവനക്കാരനാണ് മരിച്ച സഹജാസ് സൈനുദ്ധീന്‍. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സഹജാസിന്റെ പിതാവ് പരേതനായ സൈനുദ്ധീന്‍, മാതാവ് പാത്തുമ്മ, സഹോദരി സഫ്‌ന.
