ഉന്നതരുടെ തണലിൽ ഒളിച്ചിരിക്കുന്നെന്ന് പൊലീസ് സംശയം
ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ നടൻ സിദ്ദിഖിനെ കണ്ടെത്താൻ പൊലീസ് ഇന്നും പരാജയപ്പെട്ടു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ദിവസവും സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. സുപ്രീം കോടതിയിൽ സമർപ്പിക്കാനായി അതെ ദിവസം സിദ്ദിഖ് ഹൈക്കോടതിക്ക് സമീപമുള്ള ഒരു നോട്ടറിയിൽ രേഖകൾ അറ്റെസ്റ്റ് ചെയ്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പോലീസ് സിദ്ദിഖിനെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും നടൻ ഒളിവിലാണ്. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി നാളെയാണ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.
സിദ്ദിഖിന്റെ അഭിഭാഷകനായ രഞ്ജിത് റോത്തഗി സുപ്രീം കോടതി രജിസ്ട്രിക്ക് കത്തയച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് തിങ്കളാഴ്ച പരിഗണിക്കാൻ തീരുമാനമായത്. അതിനിടയിൽ, ക്രൈം ബ്രാഞ്ച് എസ്. പി. മെറിൻ ജോസഫ് നാളെ ഡൽഹിയിൽ എത്തി സുപ്രീം കോടതിയിൽ ഹാജരാകുന്ന സർക്കാർ അഭിഭാഷകരുമായി ചർച്ച നടത്തും.
സർക്കാർ ഈ കേസ് പരിഗണിക്കുമ്പോൾ മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിനെ വാദത്തിനായി നിയോഗിക്കാൻ ശ്രമിക്കുന്നു. സിദ്ദിഖ് നിയമത്തെ വെല്ലുവിളിക്കുകയാണെന്നും, ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിട്ടും ഉന്നതരുടെ പിന്തുണയിൽ ഒളിവിൽ കഴിയുകയാണെന്നും സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിച്ചു.