തിരുവനന്തപുരം: മലപ്പുറം പൊലീസ് വിഭാഗത്തിൽ നടന്ന വൻ അഴിച്ചുപണിക്ക് പിന്നാലെ എഡിജിപി എം.ആർ. അജിത് കുമാർ സ്വന്തം ആവശ്യത്തിനായി നൽകിയിരുന്ന അവധി അപേക്ഷ പിൻവലിച്ചു. സെപ്റ്റംബർ 14 മുതൽ 17 വരെ ലഭിച്ചിരുന്ന അവധി കുടുംബസഹിതം ചെന്നൈയിലേക്ക് പോകുന്നതിനായാണ് നൽകിയിരുന്നത്. എന്നാൽ, പി.വി. അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയാണ് അവധി അപേക്ഷ പിൻവലിച്ചത്.
അജിത് കുമാർ അവധിയിൽ പോയി തെളിവുകൾ നശിപ്പിക്കാൻ പദ്ധതിയിട്ടതാണെന്നും ചില വ്യക്തികളെ കാണാനാണെന്നും പി.വി. അൻവർ എം.എൽ.എ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ മലപ്പുറം ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതോടെ, എഡിജിപി അജിത് കുമാറിന് മാറ്റമില്ലെന്ന് സ്ഥിരീകരണം വന്നപ്പോൾ അവധി പിൻവലിച്ചുവെന്നാണ് സൂചന.

സ്വർണക്കടത്ത്, ക്വട്ടേഷൻ, കൂട്ടബലാത്സംഗം തുടങ്ങി നിരവധി ആരോപണങ്ങൾ നേരിടുന്ന മലപ്പുറം പൊലീസിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ജില്ലാ പൊലീസ് മേധാവി എസ്. ശശിധരനെ എറണാകുളം വിജിലൻസ് റേഞ്ചിലേക്ക് മാറ്റി. പകരം എ.ഐ.ജി-1 ആർ. വിശ്വനാഥനെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.
