മുവാറ്റുപുഴ : ഹരിത കര്‍മ്മസേനക്ക് നൂതനമായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രോത്സാഹനം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് ഡോ. മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പാഴ് വസ്തുക്കളില്‍ നിന്നും നിര്‍മ്മിച്ചെടുക്കാവുന്ന പുതിയ സംരംഭങ്ങളിലൂടെ സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ ഹരിത കര്‍മ്മസേനയിലെ അംഗങ്ങള്‍ക്ക് സാധിക്കും.
മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മസേനയിലെ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ അംഗങ്ങള്‍ക്കും എംഎല്‍എ ഓണക്കോടി വിതരണം ചെയ്തു. എംഎല്‍എ മുന്‍കൈ എടുത്തു മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ഹരിതം പദ്ധതി പ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചത്. അജൈവ മാലിന്യ ശേഖരണ പ്രവര്‍ത്തനം മാത്രമായി ഹരിത കര്‍മ്മസേനയിലെ അംഗങ്ങളെ മാറ്റരുത്. പുതിയ പദ്ധതികള്‍ നടപ്പിലാക്കി സ്വയംപര്യാപ്തത കൈവരിക്കുന്നതിന് അവര്‍ക്ക് അവസരം ഒരുക്കുന്നതിന് സര്‍ക്കാര്‍ അവസരം ഒരുക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ടോമി തന്നിട്ടമാക്കല്‍, സാന്റോസ് മാത്യു, സലീം ഫ്രാന്‍സി, ജോസ് കൂട്ടുപ്പിളി, ബിന്ദു ഗോപി, റൈസമ്മ സാബു, അനിത റെജി, രതീഷ് മോഹനന്‍, സുധാകരന്‍ പി.എഫ്, സനില്‍ സജി, ഷാജി മുണ്ടയാരമ്പില്‍ എന്നിവര്‍ സംസാരിച്ചു.
