തമിഴ് സിനിമയിലെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള സർക്കുലറിലെ ചില നിർദേശങ്ങൾ വിവാദത്തിൽ.ലൈംഗികാതിക്രമം അടക്കമുള്ള പരാതികൾ ആദ്യം മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തരുത്, മറിച്ച് നടികൾ സംഘം നിയമിക്കുന്ന ആഭ്യന്തര പ്രശ്ന പരിഹാര സെല്ലിനെ സമീപിക്കണം എന്നതടക്കമുള്ള നിർദേശങ്ങളാണ് വിവാദമാവുന്നത്.ലൈംഗികാതിക്രമം ആരോപിക്കപ്പെടുന്ന ആളുകൾക്ക് ആദ്യം മുന്നറിയിപ്പ് നൽകും. നടപടി പിന്നീട് സ്വീകരിക്കും എന്ന നിർദേശത്തിനെതിരെയും വിമർശനം ഉയരുകയാണ്. നടിമാരായ സുഹാസിനി, ഖുശ്ബു, രോഹിണി എന്നിവർ അടക്കം പങ്കെടുത്ത യോഗത്തിൽ ഇത്തരം വിചിത്രവും സ്ത്രീവിരുദ്ധവുമായ നിർദേശങ്ങൾ ഉൾപ്പെട്ടത് എന്നതാണ് ശ്രദ്ധേയം. ജനറൽ സെക്രട്ടറി വിശാൽ, പ്രസിഡന്റ് നാസർ, ട്രഷറർ കാർത്തി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു. കമ്മിറ്റി രൂപീകരിച്ചത് സംബന്ധിച്ച ഔദ്യോഗിക വാർത്താക്കുറിപ്പ് ഇന്നാണ് പുറത്തിറക്കിയത്.അതേസമയം സിനിമയുടെ ഭാഗമായി പ്രവർത്തിക്കുമ്ബോൾ ലൈംഗികാതിക്രമം നടത്തി എന്ന് തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷം വരെ വിലക്ക്, പരാതി അറിയിക്കാൻ ഇ മെയിലും ഫോൺ നമ്ബറും തയ്യാറാക്കും, അതിജീവിതർക്ക് നിയമസഹായം ഉറപ്പാക്കും എന്ന നിർദേശങ്ങളും ഉൾപ്പെട്ടതാണ് ഇന്നത്തെ യോഗത്തിലെ തീരുമാനം.
