അയർലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ. ഫോർട്ട് കൊച്ചി സ്വദേശി അനുവാണ് അറസ്റ്റിലായത്. കേരളത്തിലെ വിവിധ ജില്ലകളിലായി അമ്ബതിൽ അധികം ആളുകളെ കബളിപ്പിച്ച് മൂന്ന് കോടിയോളം രൂപയാണ് യുവതി തട്ടിയെടുത്തത്.അനു ഇസ്രായേലിൽ കെയർ ടേക്കർ ആയി ജോലി ചെയിതിരുന്നു. നഴ്സിങ് വിദ്യാർത്ഥികളാണ് കൂടുതലും യുവതിയുടെ തട്ടിപ്പിൽ ഇരകളായത്. ഇസ്രയേലിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് അയർലൻഡിൽ വലിയ ശമ്ബളവും ഉയർന്ന ജോലിയും ഇവർ വാഗ്ദാനം ചെയ്തിരുന്നു. ഒരാളിൽ നിന്ന് 5 ലക്ഷം രൂപയോളമാണ് ഇവർ ആവശ്യപ്പെടുക. ആളുകളിൽ നിന്നും പണം കൈപ്പറ്റിയതിന് ശേഷം ഒളിവിൽ പോയ പ്രതിയെ മംഗലാപുരത്ത് നിന്നുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി ഇതേ രീതിയിലുള്ള തട്ടിപ്പ് കേസുകളിൽ ഇവർ പ്രതിയാണ്. നിലവിൽ ഇവർക്കെതിരെ ഒമ്ബത് കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. പണം തട്ടിയെടുക്കുന്നതിനായി അനുവിന് മറ്റ് ആരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണെന്നും പ്രതിയുടെ ഭർത്താവ് ജിബിൻ ജോബിനും തട്ടിപ്പിൽ പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാൾക്കായുള്ള അന്വേഷണത്തിലാണ് പൊലിസ്.
