“വെള്ളക്കെട്ടില്‍ മുങ്ങി പാടശേഖരം: കണ്ണീരൊഴിയാതെ കര്‍ഷകന്‍”

Kerala"വെള്ളക്കെട്ടില്‍ മുങ്ങി പാടശേഖരം: കണ്ണീരൊഴിയാതെ കര്‍ഷകന്‍"

ഇളങ്ങവം: റോഡ് നിര്‍മ്മാണത്തിനായി സ്ഥലം വിട്ട് നല്‍കി കൃഷിയിടം ഉപയോഗശൂന്യമായ കഥയാണ് സജിഭവനില്‍ കെ.എന്‍ ഗോപിക്ക് പറയാനുള്ളത്. വാരപ്പെട്ടി പഞ്ചായത്തും ആയവന പഞ്ചായത്തും അതിരു പങ്കിടുന്ന പരിപ്പുതോടിന്റെ അരികത്തായി സ്ഥിതി ചെയ്യുന്ന തോട്ടുകണ്ടം പാടമാണ് വെള്ളക്കെട്ട് മൂലം കൃഷിയിറക്കാന്‍ സാധിക്കാതെയായിരിക്കണത്. തോടിനരികിലൂടെയുള്ള റോഡ് ഉയര്‍ത്തി നിര്‍മ്മിച്ചപ്പോള്‍ വശത്തുള്ള പാടശേഖരത്തിലെ വെള്ളം ഒഴുകിപ്പോകാന്‍ വേണ്ടത്ര വലിപ്പമുള്ള കുഴലുകളോ കലുങ്കുകളോ നിര്‍മ്മിക്കാത്തതാണ് വെള്ളക്കെട്ട് ഉണ്ടാകാന്‍ കാരണം. നാലുവര്‍ഷമായി കൃഷിയിറക്കാന്‍ സാധിക്കാത്ത ഈ കര്‍ഷകന്‍ പരിഹാരത്തിനായി മുട്ടാത്ത വാതിലുകളില്ല. തരിശുക്കിടുന്ന നിരവധി സ്ഥലങ്ങള്‍ പാട്ടത്തിന് എടുത്ത് പച്ചക്കറി കൃഷിയും നെല്‍കൃഷിയും നടത്തി നൂറുമേനി വിളിച്ച് മികച്ച കര്‍ഷകന്‍ എന്ന പേരിലേച്ചിച്ച ഗോപി ചേട്ടന് ഇന്ന് സ്വന്തം 50 സെന്റ് പാടത്തെ കൃഷി ഇറക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. വാരപ്പെട്ടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന തന്റെ പാടത്ത് ആയവന പഞ്ചായത്ത് നടത്തിയ തോടുകീറലും മണ്ണെടുക്കലും തന്റെ സമ്മതപത്രം ഇല്ലാതെയാണ് നടത്തിയതെന്നും ഗോപിച്ചേട്ടന്‍ ആരോപിക്കുന്നു. ഇരു പഞ്ചായത്തുകളും കൃഷിഭവനകളും കയ്യൊഴിഞ്ഞതോടെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കര്‍ഷകന്‍. പ്രായാധിക്യത്തിന്റെ അവശതകള്‍ ഉണ്ടെങ്കിലും ഇന്നും കൃഷി ചെയ്യണമെന്ന് ആഗ്രഹമാണ് കര്‍ഷകനെ നയിക്കുന്നത്.

Check out our other content

Check out other tags:

Most Popular Articles