മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ എത്തുന്നവരുടെ കണ്ണിന് കുളിര്‍മയേകി സുഹൃത്തുക്കളുടെ ചെണ്ടുമല്ലി കൃഷി. പേഴയ്ക്കപ്പിള്ളി സ്വദേശികളായ ഫൈസല്‍ മുണ്ടയ്ക്കാമറ്റം, മുഹമ്മദലി കുന്നപ്പിള്ളി എന്നിവരാണ് പേഴയ്ക്കപ്പിള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിലെ 25 സെന്റ് സ്ഥലത്ത് ചെണ്ടുമല്ലി പാടം ഒരുക്കിയിരിക്കുന്നത്. കാടുപിടിച്ച് കിടന്നിരുന്ന സ്ഥലത്ത് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാതെ മാനസികോല്ലാസത്തിനായാണ് ഇരുവരും ചേര്‍ന്ന് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. ഗുരുവായൂരില്‍ നിന്നും മുളപ്പിച്ച ആയിരത്തോളം ഹൈബ്രിഡ് ചെണ്ടുമല്ലി തൈകളാണ് കൃഷിയിറക്കിയിരിക്കുന്നത്. മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ചെണ്ടുമല്ലി വിരിഞ്ഞുനില്‍ക്കുന്നത് കാണാന്‍ നിരവധി സന്ദര്‍ശകരാണ് ദിനംപ്രതി ചെണ്ടുമല്ലിപാടത്തെത്തുന്നത്. അത്തപ്പൂ ആകൃതിയില്‍ ഒരുക്കിയിരിക്കുന്ന ചെണ്ടുമല്ലിപാടത്തിന്റെ നടുവിലായി
വയലറ്റ്, ചുമപ്പ,് നിറങ്ങളിലുള്ള വാടാമല്ലികള്‍ കൃഷി ചെയ്തിരിക്കുന്നു. ദൂരെ നിന്ന് നോക്കിയാല്‍ അത്തപ്പൂക്കളത്തിന്റെ ആകൃതിയിലും രീതിയിലും പൂപ്പാടം ദൃശ്യമാകുന്ന രീതിയിലും, പൂവിന്റെ ഇതളുകളായുമാണ് ചെണ്ടുമല്ലി ചെടികള്‍ വിഭാവനം ചെയ്തിരിക്കുന്നത്.
പൊതുരംഗത്തും, പേഴയ്ക്കപ്പിളളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പിടിഎയിലും സജീവമായിരുന്നു ഫൈസലും,മുഹമ്മദലിയും.
വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുന്നതിനായാണ് സ്‌കൂളിന് സമീപമുള്ള സ്ഥലം തന്നെ കൃഷിക്കായി തെരഞ്ഞെടുത്തതെന്ന് മുഹമ്മദലി കുന്നപ്പിള്ളി പറഞ്ഞു. മാനസികോല്ലാസത്തിനായി ആരംഭിച്ച ചെണ്ടുമല്ലി കൃഷിയില്‍ നിന്ന് ഈ ഓണക്കാലത്ത് നൂറുമേനി വിളവാണ് ലഭിച്ചിരിക്കുന്നത്. കടകളില്‍ എത്തിച്ചുള്ള വിപണനത്തേക്കാള്‍ കൂടുതല്‍ നഗരത്തിന്റെ ഉള്‍പ്രദേശങ്ങളിലും മറ്റുമായി ചില്ലറ വില്പന നടത്താനാണ് ഇരുവരുടെയും തീരുമാനം. കണ്ണിനും മനസ്സിനും ഉല്ലാസം പകര്‍ന്ന് പൂത്തുലഞ്ഞ നില്‍ക്കുന്ന ചെണ്ടുമല്ലികള്‍ കാണാനും, ചിത്രങ്ങള്‍ പകര്‍ത്താനും നിരവധി സന്ദര്‍ശകരാണ് എത്തുന്നതെന്ന് കൃഷിക്ക് സഹായത്തിനായി ഒപ്പം നില്‍ക്കുന്ന മുഹമ്മദലി കുന്നപ്പള്ളിയുടെ ഭാര്യയും, പായിപ്ര പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് അംഗവുമായ ഷാജിത മുഹമ്മദലി പറഞ്ഞു. ഭംഗി ആസ്വദിക്കാനെത്തുന്ന സന്ധര്‍ശകര്‍ക്ക് പുറമേ തേന്‍ നുകരുന്നതിനായും, പൂമ്പൊടി തേടിയും ധാരാളം ചിത്രശലഭങ്ങളും വര്‍ണ്ണവിസ്മയമായ ചെണ്ടുമല്ലി പൂപ്പാടത്ത് വിരുന്നെത്താറുണ്ട്.
പച്ചക്കറി കൃഷിയിലും മറ്റും വിജയം കൈവരിച്ചിട്ടുള്ള ഫൈസല്‍ മുണ്ടയ്ക്കാമറ്റത്തെ ചിങ്ങം ഒന്നിന് മികച്ച കര്‍ഷകനായി തിരഞ്ഞെടുത്ത് പായിപ്ര പഞ്ചായത്ത് ആദരിച്ചിരുന്നു. പൂകൃഷി നടത്തുന്ന ഇരുവര്‍ക്കും പിന്തുണയും ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കി കൃഷിഭവനും കൂടെയുണ്ട്. പ്രതീക്ഷിചതിലും അധികം വിജയം കൈവരിച്ചതോടെ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് സുഹൃത്തുക്കളായ ഈ കര്‍ഷകര്‍.
