മൂവാറ്റുപുഴ: പിഎം പോഷണ്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂള്‍ പാചക തൊഴിലാളികള്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. മൂവാറ്റുപുഴ ഗവണ്മെന്റ് ടൗണ്‍ യുപി സ്കൂളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എം അബ്ദുള്‍സലാം ഉദ്ഘാടനം ചെയ്തു. പാചക തൊഴിലാളികള്‍ക്കായി വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ സി.കെ ഷാജി സംഭാവന ചെയ്ത ഏപ്രണും, ക്യാപ്പും സ്കൂള്‍ ഹെഡ്മിസ്ട്രസ് ജിമോള്‍ ജോര്‍ജ് വിതരണം ചെയ്തു. മൂവാറ്റുപുഴ നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സതീഷ്, പാചക തൊഴിലാളി പരിശീലകരായ അംബിക ബാലകൃഷ്ണന്, ബിന്ദു രാജന് എന്നിവര്‍ ക്ലാസ് നയിച്ചു. മൂവാറ്റുപുഴ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ജീജ വിജയന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എച്ച്എം ഫോറം സെക്രട്ടറി കെ.എം മുഹമ്മദ്, മൂവാറ്റുപുഴ ഗവണ്മെന്റ് ടൗണ്‍ യുപി സ്കൂള്‍ ഹെഡ്മിസ്ട്രസ് ഡീന കെ.ജി, മൂവാറ്റുപുഴ ഉപജില്ല വിദ്യാഭ്യാസ ഓഫീസ് നോണ്‍ മീല്‍ ഓഫീസര്‍ ബേസില്‍ കെ.ഐപ്പ് എന്നിവര്‍ പ്രസംഗിച്ചു. മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ 49 സ്കൂളുകളില്‍ നിന്നായി 50ഓളം പാചക തൊഴിലാളികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.