മുകേഷ് വിഷയത്തിൽ സി.പി.എം സംസ്ഥാന നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.
സി.പി.എം വെബ്സൈറ്റിലെഴുതിയ ലേഖനത്തിലാണ് വിമർശനം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കോൺഗ്രസ് നിലപാടിനെ വിമർശിക്കുന്നതിനിടെയാണ് സി.പി.എം നേതൃത്വത്തിനെതിരെയും ബൃന്ദ കാരാട്ട് രംഗത്തെത്തിയത്.
മുകേഷുമായി ബന്ധപ്പെട്ട വിവാദത്തിൽ ‘അവർ ചെയ്തതതുകൊണ്ട് ഞങ്ങളും ചെയ്തു’വെന്ന രീതിയിലുള്ള പ്രയോജനരഹിതമായ വാദത്തിൽ പിടിച്ച് തൂങ്ങരുതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. ബലാത്സംഗക്കേസിലെ പ്രതിയായ എം മുകേഷ് എംഎൽഎ തൽക്കാലം രാജിവെക്കേണ്ടതില്ലെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട് തള്ളിക്കൊണ്ടാണ് ബൃന്ദ കാരാട്ട് രംഗത്ത് എത്തിയിരിക്കുന്നത്. യുഡിഎഫ് രാജി വച്ചില്ല.. അതു ചെയ്യാത്തതുകൊണ്ട് ഞങ്ങളും അതു ചെയ്യില്ല എന്ന വാദം ശരിയല്ല എന്ന് ബൃന്ദ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ പരിഹരിക്കുന്ന നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്ബോൾ ഇതിനെതിരായ സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ബലാത്സംഗ കേസിലെ പ്രതികളായ രണ്ട് എം.എൽ.എമാരെ സംരക്ഷിച്ച പാർട്ടിയാണ് കോൺഗ്രസ്. അവർക്ക് കമ്യൂണിസ്റ്റ് വിരുദ്ധരായ ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയുണ്ടെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
