മൂവാറ്റുപുഴ: ജില്ലയിലെ ഏറ്റവും വിസ്തൃതവും കൂടുതൽ ജന സംഖ്യയുമുളള പായിപ്ര ഗ്രാമ പഞ്ചായത്തിൽ പടർന്ന് പന്തലിക്കുന്ന പ്ലൈവുഡ് കമ്പനികൾക്ക് എതിരെ സി.പി.എം. രംഗത്ത്. നിരവധി ജനകീയ സമരം നടന്നെങ്കിലും അതൊന്നും മുഖവിലക്ക് എടുക്കാതെ പഞ്ചായത്തിൽ നിരവധി പ്ലൈവുഡ് കമ്പനികൾക്കാണ് അധികൃതർ അനുമതി നൽകിയത്. ഒടുവിൽ ഇനി ഒരു പ്ലൈവുഡ് കമ്പനിയും പഞ്ചായത്തിൽ തുറക്കാൻ അനുവദിക്കില്ലന്ന് സി.പി.എം. നിലപാട് സ്വീകരിച്ചത് പ്രതീക്ഷയോടെയാണ് നാട്ടുകാർ കാണുന്നത്. ഇത് സംബന്ധിച്ച് പായിപ്ര ലോക്കൽ സെക്രട്ടറി .ആർ. സുകുമാരൻ മുഖ്യമന്ത്രിക്കും , ജില്ല കലക്ടർ അടക്കമുളളവർക്ക് പരാതി നൽകി. പഞ്ചായത്തിൽ ഇനിയും പ്ലൈവുഡ് കമ്പനികൾക്ക് അനുമതിനൽകരുത് എന്നും നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കമ്പനികൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക – സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്നും പരാതിയിലുണ്ട്.
നിലവിലെ സ്ഥിതി തുടർന്നാൽ
പായിപ്ര ഗ്രാമ പഞ്ചായത്ത് പ്ലൈവുഡ് കമ്പനികളുടെ പറുദീസ ആയിമാറും. നിലവിൽ പ്രർത്തിക്കുന്ന കമ്പനികളും പുതിയ കെട്ടിട നിർമാണ അനുമതി വാങ്ങിയ കമ്പനികളുും ഭൂരിഭാഗവും പഞ്ചായത്തിൻ്റന്റെ 1, 2, 13, 17 വാർഡുകളിലാണ്. ഇതിൽ തന്നെ നിലവിൽ 18 കമ്പനികൾ ഒന്നാം വാർഡിലാണ് പ്രവർത്തിക്കുന്നത് ഒരു കാലത്ത് 20 ൽ അധികം കരിങ്കൽ ക്വാറികൾ ഓന്നാം വാർഡിൽ പ്രവർത്തിച്ചിരുന്നു. വാർഡിന്റെ മൂന്നിൽ ഒന്ന് വരുന്ന ഭൂപ്രദേശം മുഴുവൻ പാറപൊട്ടിച്ച് നോക്കെത്താദൂരം പരന്ന് ഭീതിജനകമായ ആഴത്തിലുള്ള പാറക്കുഴികളാണ്. കുന്നുകളും പാറക്കെട്ടുകളും നിറഞ്ഞ ബാക്കി പ്രദേശത്താണ് പ്ലൈവുഡ് കമ്പനികൾ സ്ഥലം വാങ്ങിയിട്ടുളളത്. ഒരു ശാസ്ത്രീയതയും ഇല്ലാതെ ഇത്തരം മലഞ്ചെരുവുകൾ ഇടിച്ച് നിരത്തി നിർമാണ പ്രവർത്തനം നടത്തുന്നു. ഇത് ആ ഭുപ്രദേശത്തിന്റെ സ്വാഭാവിക, പാരിസ്ഥിതിക സന്തുലിതാവസ്ഥയെയും ജൈവ ജീവിതത്തേയും ബാധിച്ച് കഴിഞ്ഞു. ഇതിന് പുറമെ ജന ജീവിതവും ദുസഹമാക്കി. അന്യസംസ്ഥാന തൊഴിലാളികളാണ് കമ്പനി ജീവനക്കാരിൽ ഏറെയും. ഇവരുടെ പാർപ്പിട ക്യാമ്പുകളിൽ നിന്നുളള ശുചി മുറി മാലിന്യം അടക്കം ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുക്കുന്നു. അധിക ഭാരം കയറ്റി വരുന്ന ടോറസ് അടക്കമുളള വാഹനങ്ങൾ തലങ്ങും വിലങ്ങും പായാൻ തുടങ്ങിയതോടെ റോഡുകൾ തകർന്ന് സഞ്ചാര യോഗ്യമല്ലാതായി തീർന്നു.
വാഹനങ്ങളുടെ ബാഹുല്യവും രാത്രി കാലങ്ങളിലെ തർക്കവും സംഘർഷവും വർധിച്ച് വരുന്ന വാഹന അപകടങ്ങളും പെർമിറ്റ് മറികടന്നുളള അനധികൃത നിർമാണവും പ്രദേശ വാസികളുടെ സ്വൈര്യ ജീവിതം നഷ്ടമാക്കി.
അടിയന്തിര സാഹചര്യങ്ങളിൽ രക്ഷാ പ്രവർത്തനം നടത്താൻ കഴിയാത്ത വിധമാണ് നിർമാണം നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സി.പി.എം. കടുത്ത നിലപാടുമായി രംഗത്ത് വന്നിരിക്കുന്നത്.
