തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നുപേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മൂന്നുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കഴിഞ്ഞമാസം 23-ന് മരിച്ച യുവാവിനും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യങ്ങളിൽ ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം ഉപയോഗിക്കുന്നവർ മുൻകരുതൽ എടുക്കണം. കെട്ടിക്കിടക്കുന്ന മലിനമായ വെള്ളത്തിൽ കുളിക്കരുതെന്നും നിർദേശമുണ്ട്.
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ
ജല സ്രോതസുകളുമായി ബന്ധമുള്ള ആളുകളിൽ വളരെ അപൂർവമായി കാണുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്. ഈ അപൂർവ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവാണ്. ലോകത്ത് ഇത്തരം വെള്ളവുമായി സമ്ബർക്കത്തിൽ വന്ന 10 ലക്ഷത്തോളം പേരിൽ 2.6 പേരിൽ മാത്രമാണ് ഈ രോഗം വരുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സാധാരണമായി നേഫ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്ബോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽജീവിക്കുന്ന അമീബ മൂക്കിലെ നേർത്തതൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ മൂക്കിലെ നേർത്ത സുഷിരങ്ങൾ വഴി ബാധിക്കുന്നു. മനുഷ്യൻ്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും എൻസെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.
