മുവാറ്റുപുഴ : പുഴയോര നടപ്പാത വൃദ്ധിയാക്കുന്ന തിരക്കിലാണ് നഗരസഭ ശുചീകരണ ജീവനക്കാർ. മുവാറ്റുപുഴ ലതപടിമുതൽ പുഴക്കരകാവ് വരെ നീളുന്ന പുഴയോര നടപ്പാത ചെളി നിറഞ്ഞ് കിടക്കുകയാണ്. കനത്ത മഴയെതുടർന്ന് മൂവാറ്റുപുഴയാർ നിറഞ്ഞ് ഒഴുകിയതോടെ പുഴയോര നടപ്പാതയിൽ വെള്ളം കയറിയിരുന്നു. വെള്ളത്തോടൊപ്പംകട്ടപിടിച്ച ചെളിയും നടപ്പാതയിൽഅടിഞ്ഞുകൂടിയിരിക്കുന്നു.
വെള്ളം ഇറങ്ങിയെങ്കിലും നടപ്പാതയിൽ മുഴുവൻ മാലിന്യങ്ങളും കട്ടചെളിയും പിടിച്ച് കിടക്കുകയാണ്. പ്രായമായവരുൾപ്പടെ നിരവധി പേർ പ്രഭാതസാഹ്ന സവാരി നടത്തികൊണ്ടിരുന്ന നടപ്പാതയിൽ ചെളികയറിനിറഞ്ഞതോടെ നടത്തക്കാർക്ക് മറ്റു വഴിതേടേണ്ടിവരുമോയെന്ന ആശങ്കയിലായിരുന്നു. മാത്രല്ല നഗരത്തിലേയും നാട്ടിൻ പുറങ്ങളിലേയും നിരവധി പേർ പ്രായഭേദമന്യേ വൈകുന്നേരങ്ങളിൽ നടപ്പാതയിൽ വന്നിരുന്ന് ത്രിവേണി സംഗമത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നത് പതിവ് കാഴ്ചയാണ് .
ഏതാനും ദിവസങ്ങൾ കൊണ്ട് നടപ്പാത പഴയരീതിയിലാകുമെന്ന് ശുചീകരണ ജീവനക്കാർ പറഞ്ഞു. നടപ്പാത ചെളിനിറഞ്ഞതോടെ സ്ഥിരമായി ചൂണ്ടയിട്ട് മീൻ പിടിച്ച് ഉപജീവനം നടത്തി വരുന്നവരുടേയും നേരംപോക്കിന് ചൂണ്ടയിടുന്നവരുടേ ജോലിയും ഇല്ലാതായിരിക്കുന്നു.പുഴയോര നടപ്പാത വൃദ്ധിയാകുന്നതോടെ ചൂണ്ടയിടലും സജീവമാകുമെന്ന് സ്ഥിരമായി ചൂണ്ടയിടുന്ന ജോണി പറഞ്ഞു.


