ഒരു തലമുറയുടെ സഹിഷ്ണുതയും കരുത്തും പരീക്ഷിച്ച കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമായ 1924ലെ വെള്ളപ്പൊക്കത്തിന് 100 വർഷം തികയുന്ന 2024 ജൂലൈ മാസത്തില്‍ തന്നെ വയനാടിനെ ദുരന്തഭൂമിയാക്കിയ ഉരുള്‍ പൊട്ടലിനും കൂടി കേരളം സാക്ഷിയായിരിക്കുകയാണ്.
മഴക്കാലം ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ് കേരളത്തില്‍. തുടരെ തുടരെയുള്ള കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മഴവെള്ളപാച്ചിലും ഒക്കെ മനുഷ്യജീവനുകള്‍ കൂടിയാണ് കൊണ്ടുപോകുന്നത്. മാറിവരുന്ന കാലാവസ്ഥവ്യതിയാനവും തെറ്റിവരുന്ന കാലവർഷവും കനത്ത മഴയും ചെറുതല്ലാത്ത ആഘാതമാണ് കേരളത്തിന് നല്കികൊണ്ടിരിക്കുന്നത്.
2018ലെ പ്രളയകാലം മുതല്‍ എല്ലാവർഷവും എത്തുന്ന ക്ഷണിക്കാത്ത അതിഥിയായി മാറിയിരിക്കുകയാണ് ഉരുള്‍പൊട്ടല്‍. പുത്തുമല, കവളപ്പാറ, പെട്ടിമുടി, കൂട്ടിക്കല്‍, കൊക്കയാർ…ഇപ്പോള്‍ വയനാട്ടിലെ മുണ്ടക്കയിലെയും ചൂരല്‍മലയിലെയും ഉരുള്‍പൊട്ടലും. മരണസംഘ്യ ഉയരുമ്ബോഴും ഇപ്പോഴും ഉറ്റവർ എവിടെയെന്ന ചോദ്യവുമായി നില്‍ക്കുകയാണ് രക്ഷപ്പെട്ടവർ. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പോലെത്തന്നെ ഏറ്റവും അപകടകരമായ ഒന്നാണ് ഉരുള്‍പൊട്ടല്‍. താങ്ങാനാവുന്നതില്‍ കൂടുതല്‍ മഴ പെയ്യുമ്ബോള്‍ പല പ്രദേശങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിലിടിച്ചിലും ഉണ്ടാകുന്നു. എന്നാല്‍ മഴ മാത്രമാണോ ഉരുള്‍പൊട്ടലിന് കാരണമാകുന്നത്?
എത്ര മഴ പെയ്താലും മണ്ണിന് വെള്ളത്തെ ഉള്‍കൊള്ളാൻ പരിമിതിയുണ്ട്. വെള്ളത്തെ ഉള്‍ക്കൊള്ളാനുള്ള ഓരോ മണ്ണിന്റെ ശേഷിയും വ്യത്യസ്തമാണ്. തുടർച്ചയായി മഴ പെയ്താല്‍ മണ്ണിന് വെള്ളത്തെ വലിച്ചെടുക്കാൻ കഴിയില്ല. ഒരു പരിധിക്കപ്പുറം വെള്ളം എത്തിയാല്‍ മണ്ണ് അത് വലിച്ചെടുക്കില്ല. ഇതോടെ മലവെള്ളപാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുന്നു. സോയില്‍ പൈപ്പിങ് എന്ന അപകടകരമായ ഒരു പ്രതിഭാസമാണ് മറ്റൊരു കാരണം. മേല്‍ഭാഗത്ത് വലിയ രീതിയില്‍ പ്രശ്നങ്ങളൊന്നും കാണില്ലെങ്കിലും കുന്നിന്റെ അടിഭാഗത്ത് നിന്നും തുരങ്കം പോലെ വെള്ളവും മണ്ണും കല്ലുമെല്ലാം ഒഴുകി പോവുകയും മേല്‍ഭാഗത്തെ മണ്ണ് മാത്രം ഇരിക്കുകയും പിന്നീട് മഴയില്‍ ഒറ്റയടിക്ക് അടിയിലേക്ക് ഇടിഞ്ഞു വീഴുകയും ചെയ്യുന്നു.
അപകടമുണ്ടായ സ്ഥലങ്ങളില്ലെല്ലാം മുൻപും ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. അന്ന് ഭൂമി വിണ്ടുകീറിയിരിക്കാനും പിന്നീട് ശക്തമായ മഴയില്‍ മണ്ണ് താഴേക്ക് ഒഴുകി എത്തിയതാവാനും സാധ്യതയുണ്ട്. ഇതൊന്നും അല്ലാതെ മറ്റ് ചില കാരണങ്ങള്‍ കൊണ്ടോ ഉരുള്‍പൊട്ടല്‍ ഉണ്ടായേക്കാം. ഭൂമിയുടെ ചരിവും മണ്ണിന്റെ കനവും മണ്ണിന്റെ ഘടനയും ഉരുള്‍പൊട്ടലിന് കാരണമാകാറുണ്ട്. കേരളത്തിന്റെ ഭൂപ്രകൃതി കണക്കിലെടുത്താല്‍ സംസ്ഥാനത്ത് ഉണ്ടായ ഉരുള്‍പൊട്ടലുകള്‍ക്ക് കുന്നിന്റെ ചരിവും ഒരു പ്രധാന കാരണമായി വരുന്നുണ്ട്. ഭൂമിയുടെ ചരിവ് 20 ഡിഗ്രിക്ക് മുകളില്‍ ആണെങ്കില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുളള സ്ഥലമെന്നാണ് അറിയപ്പെടുന്നത്.
കനത്ത മഴ പെയ്യുമ്ബോള്‍ സംഭരിക്കാവുന്ന വെള്ളത്തിനേക്കാള്‍ കൂടുതല്‍ വെള്ളം മണ്ണിലേക്കിറങ്ങും. ഭൂഗർഭ ജലത്തിന്റെ അളവു കൂടുന്നതിനനുസരിച്ച് മണ്ണിനടിയില്‍ മർദം വർധിക്കുകയും ഈ മർദത്തിന്റെ ഫലമായി വെള്ളം പുറത്തേക്കു ശക്തിയില്‍ കുതിച്ചൊഴുകുകയും ചെയ്യുന്നു. കേരളത്തില്‍ ഇന്ന് കാണപ്പെടുന്ന പാറകള്‍ 220 മുതല്‍ 300 കോടി വർഷം പഴക്കമുള്ളവയാണ്. എന്നാല്‍ അതിന്റെ മുകളില്‍ കാണുന്ന ഒരു മീറ്റർ കനമുള്ള മണ്ണ് വെറും 10,000 വർഷം മാത്രം പഴക്കമുള്ളവയാണ്. ഇക്കാരണം കൊണ്ടുതന്നെ ശക്തമായ ഒരു മഴ പെയ്താല്‍ ഈ മണ്ണ് ഊർന്നിറങ്ങി വരാനുളള സാധ്യത വളരെ കൂടുതലാണ്.
ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മരണസംഖ്യ കൂടുന്നതിന്റെ കാരണം പ്രളയം പോലെ പതുക്കെ സംഭവിക്കുന്ന ഒരു പ്രതിഭാസമല്ല ഇവയൊന്നും എന്നതാണ്. അതുകൊണ്ട് തന്നെ രക്ഷപെടാനുള്ള സാധ്യതയും വളരെ കുറവാണ്. രാത്രിയിലാണ് ഇത് സംഭവിക്കുന്നതെങ്കില്‍ ആരും പെട്ടെന്ന് അറിയുകയുമില്ല. കേരളത്തിലെ 13 ശതമാനം ഭൂപ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ സാധ്യത നേരിടുന്നതായി പഠനങ്ങള്‍ പുറത്തു വന്നിരുന്നു. മിഷിഗണ്‍ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയും പുനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയുമായി ചേർന്ന് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസ് ആണ് പഠനം പുറത്ത് വിട്ടത്.
2018ലെ പ്രളയത്തിനു കാരണമായ മഴ പത്തനംതിട്ട, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ 3.46 ശതമാനം ഉയർത്തിയതായും റിപ്പോർട്ട് പറയുന്നുണ്ട്. ഉരുള്‍പൊട്ടലിനെ പൂർണമായും തടഞ്ഞുനിർത്താൻ പറ്റുന്ന സാങ്കേതികവിദ്യ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. വന നശീകരണം തടഞ്ഞും മലഞ്ചെരുവുകളില്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ചും ഒക്കെ മാത്രമേ ഉരുള്‍പൊട്ടലിനെ ഒരു പരിധിവരെ നമുക്ക് തടഞ്ഞു നിർത്താൻ സാധിക്കുകയുള്ളു.

