കൽപ്പറ്റ : വയനാട്ടിലെ മേപ്പാടിമുണ്ടക്കൈയിലും ചുരൽമലയിലും ഉണ്ടായ വൻ ഉരുൾപൊട്ടലിൽ 19 പേർ മരിച്ചു.→മരിച്ചവരിൽ മൂന്നു കുട്ടികളും ഉൾപ്പെടും. നിരവധി പേരെ കാണാതായി. ഉരുൾപൊട്ടലിൽ മരിച്ചവരിൽ ഒരു വിദേശിയും ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. ചൂരൽമലയിൽ നിന്നും 11 മൃതദേഹങ്ങൾ കണ്ടെടുത്തു.ഉരുൾപൊട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ 33 പേർ ചികിത്സ തേടിയിട്ടുണ്ട്. കൂനിപ്പാലയിൽ നിന്നും മൂന്നു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ചാലിയാർ പുഴയിൽ മൂന്ന് മൃതദേഹങ്ങളും കരയ്ക്കടിഞ്ഞു. പാലം തകർന്നതോടെ മുണ്ടക്കൈയും ചൂരൽമലയും ഒറ്റപ്പെട്ടു.ഉരുൾപൊട്ടലിനെത്തുടർന്ന് 400 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. നിരവധി വീടുകൾ ഒലിച്ചുപോയി. മുണ്ടക്കൈയിൽ മാത്രം 300 ഓളം കുടുംബങ്ങളെയാണ് ഉരുൾപൊട്ടൽ ബാധിച്ചത്. മുണ്ടക്കൈ ട്രീവാലി റിസോർട്ടിൽ 100 ഓളം പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. കുടുങ്ങിയവരിൽ വിദേശികളും ഉൾപ്പെട്ടതായി സംശയമുണ്ടെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. 10 തോട്ടം തൊഴിലാളികളെ കാണാതായതായി ഹാരിസൺസ് അറിയിച്ചു.വയനാട്ടിലെ ഉരുൾപൊട്ടൽ: കൺട്രോൾ റൂം തുറന്നു; സഹായം ലഭിക്കാൻ ബന്ധപ്പെടുകദുരിതാശ്വാസ ക്യാമ്ബ് പ്രവർത്തിച്ചിരുന്ന വെള്ളാർമല സ്കൂൾ മുങ്ങി.ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ പ്രതിസന്ധി നേരിടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പോയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി വ്യോമസേന ഹെലികോപ്റ്റർ വയനാട്ടിലെത്തും. കോഴിക്കോട് ജില്ലയിലെ മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം എന്നീ ഭാഗങ്ങളിൽ ഉരുൾപൊട്ടലും നാശനഷ്ടവും ഉണ്ടായതായി റിപ്പോർട്ടുണ്ട്. പാലക്കാട് ഇരട്ടക്കുളത്തിന് സമീപം പയ്യക്കുണ്ടിൽ ഉരുൾപൊട്ടലുണ്ടായി. മംഗലം ഐടിസി പരിസരം വെള്ളത്തിലായി.