കേരളത്തിന് 24 000 കോടി രൂപയുടെ സാമ്പത്തിക പാക്കേജും ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിട്യൂട്ടിനു ബി.എസ്.എൽ 3 അഥവാ ബയോ സേഫ്റ്റി ലെവൽ 3 പദവി ഉടനെ നൽകണം എന്നും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗംവും രാജ്യസഭാ എം.പിയുമായ അഡ്വ. പി സന്തോഷ് കുമാർ. പാർലിമെന്റ് ചേരുന്നതിന് മുൻപ് കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് പി സന്തോഷ് കുമാർ ഈ ആവശ്യം ഉന്നയിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രിയും രാജ്യസഭ അംഗവുമായ ജെ.പി.നദ്ദ പങ്കെടുത്ത യോഗത്തിലാണ് പി സന്തോഷ് കുമാർ കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചത്. ബിജെപി സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലം കേരളം സംസ്ഥാനത്തിന് സംഭവിച്ച ബുദ്ധിമുട്ടുകൾ നികത്താനും വികസനപദ്ധതികൾ മുന്നോട്ട് കൊണ്ട് പോകാനും ഈ പാക്കേജ് അനിവാര്യമാണ്. നിപ്പയും മറ്റു രോഗങ്ങളും വീണ്ടും സംസ്ഥാനത്ത് സ്ഥിതീകരിച്ച സാഹചര്യത്തിൽ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന ദേശീയ വൈറോളജി ഇൻസ്റ്റിട്യൂട്ടിനു ബി.എസ്.എൽ 3 പദവി നൽകുന്നത് ആരോഗ്യ മേഖലയ്ക്കും ഗവേഷണമേഖലയ്ക്കും വലിയ ഊർജം പകരും. ഒരുപാടു തവണ കേരള സർക്കാർ ഇതിനായി അഭ്യർത്ഥനകൾ നടത്തിയെങ്കിലും കേന്ദ്രം യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കേരളത്തോടുള്ള കേന്ദ്രത്തിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ മൂലം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും കേരളം ആവശ്യപ്പെട്ടിരുന്ന ഈ സാമ്പത്തിക പാക്കേജ് നൽകാനുള്ള നടപടികൾ അടുത്ത ദിവസങ്ങളിൽ അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റിൽ സ്വീകരിക്കണം എന്നും അഡ്വ.പി.സന്തോഷ് കുമാർ എം.പി പറഞ്ഞു.
സർവകക്ഷി യോഗത്തിൽ നീറ്റ് പരീക്ഷയിലെ ക്രമക്കേടും തുടർന്നുണ്ടായ വിവാദങ്ങളെ കുറിച്ചും അഡ്വ.പി സന്തോഷ് കുമാർ എം.പി സംസാരിച്ചു. നീറ്റ് റദ്ദാക്കണമെന്നും സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് വികേന്ദ്രീകൃത പരീക്ഷാ സംവിധാനം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധികാരമേറ്റ ഉടൻ തന്നെ എൻഡിഎ മുന്നണിയുടെ പൂർണരൂപം “നോട്ട് ഡിമാൻഡ് അക്കൌണ്ടബിലിറ്റി” ആയി മാറി. ആവർത്തിച്ചുള്ള പരീക്ഷാപേപ്പർ ചോർച്ചയെത്തുടർന്ന് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കിയ വിദ്യാഭ്യാസ മന്ത്രി അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അതുപോലെ, ആഴ്ചതോറും തീവണ്ടി അപകടങ്ങൾ സംഭവിക്കുകയും നിരപരാധികളായ യാത്രക്കാരുടെ ജീവൻ പൊലിയുകയും ചെയ്തിട്ടും റെയിൽവേ മന്ത്രിയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല. നിരുത്തരവാദപരമായ എൻ.ഡി.എ ഭരണം സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ ദുസ്സഹമാക്കുകയാണ്.
ജമ്മു കശ്മീരിലെ തന്ത്രപ്രധാന സുരക്ഷ മേഖലകളിൽ തീവ്രവാദി ആക്രമണങ്ങളും തീവ്രവാദി സേനയുമായുള്ള ഏറ്റുമുട്ടലുകളും മൂലം നമ്മുടെ ദേശീയ സുരക്ഷ നിരന്തരം ഭീഷണിയിലാകുന്നതും അദ്ദേഹം യോഗത്തിൽ ഉന്നയിച്ചു. പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രണ്ട മാസത്തിൽ കുറഞ്ഞത് 8 ഭീകരാക്രമണങ്ങളോ ഏറ്റുമുട്ടലുകളോ ഉണ്ടായത് ബിജെപിയുടെ കശ്മീർ നയം പരാജയമാണെന്നും അവരുടെ സർക്കാരിന് കീഴിൽ ഇന്റലിജൻസും പരാജയപ്പെടുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാനായി ബിജെപി വർഗീയതായേ ആയുധമാക്കുന്നു. പരാജയങ്ങളിൽ നിന്നും വർധിച്ചുവരുന്ന തൊഴിലില്ലായ്മയിൽ നിന്നും അവശ്യസാധനങ്ങളുടെ വിലവർധനവിൽ നിന്നും ശ്രദ്ധ തിരിക്കാൻ, യുപിയിലും ഉത്തരാഖണ്ഡിലും കാവട് യാത്രകളുടെ പേരിൽ വർഗീയത സൃഷ്ടിച്ച് ജനങ്ങളെ മതത്തിൻ്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ആണ് ബിജെപി ശ്രമിക്കുന്നത്. ഛത്തീസ്ഗഡിൽ നിരപരാധികളായ ആദിവാസികളെ നക്സലികൾ എന്ന് ആരോപിച്ച് പീഡിപ്പിക്കുകയും വ്യാജ ഏറ്റുമുട്ടലിൽ കൊല്ലുകയും ചെയ്യുന്ന സംഭവവികാസങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർലിമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് സർവകക്ഷിയോഗം നടത്തുന്നത് ഒരു പ്രഹസനവും ആചാരപരമായ ഒരു കർമം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർലമെൻ്റ് നടപടികളും പ്രവർത്തനങ്ങളും ജനാധിപത്യ രീതിയിൽ നടത്താൻ സർക്കാരിന് താൽപ്പര്യമുണ്ടെങ്കിൽ, സമ്മേളനം ആരംഭിക്കുന്നതിന് 10 ദിവസം മുമ്പെങ്കിലും സർവകക്ഷിയോഗം വിളിച്ച് എല്ലാവരുടെയും അഭിപ്രായങ്ങൾ സമാഹരിക്കണം. എന്നാൽ മറ്റു കക്ഷികൾ ഉന്നയിക്കുന്ന വിഷയങ്ങൾ അഭിസംബോധന ചെയ്യാൻ വേണ്ട ശേഷിയോ സംവിധാനമോ ഇല്ലാത്തത് കൊണ്ടാണ് ബിജെപി സർക്കാർ സമ്മേളനത്തിന് ഒരു ദിവസം മുൻപ് മാത്രം യോഗം വിളിച്ചത്. ബിജെപിയുടെ ആഗ്രഹം സ്വേച്ഛാധിപത്യപൂർണമായ രീതിയിൽ പാർലിമെന്റ് പ്രവർത്തിക്കണം എന്നതാണ്. എന്നാൽ ഭരണഘടനയെയും അതിന്റെ മൂല്യങ്ങളെയും സംരക്ഷിക്കാനുള്ള ചുമതല ജനങ്ങൾ ഇന്ത്യ മുന്നണിയെ ഏൽപ്പിച്ചിരുന്നു. സിപിഐയും ഇന്ത്യ മുന്നണിയും ചേർന്ന് വരുന്ന സമ്മേളന കാലങ്ങളിൽ ജനങ്ങളുടെ പ്രശ്നങ്ങളും അവരുടെ കഷ്ടതകളും നിരന്തരം പാർലിമെന്റിനുള്ളിൽ ഉന്നയിച്ചിരിക്കും.
സിപിഐ പാർലിമെന്ററി ഓഫീസ്
ന്യൂ ഡൽഹി
