ഡല്‍ഹി: പതിനെട്ടാം ലോക്സഭയിലെ ആദ്യ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും. നാളെയാണ് കേന്ദ്രബജറ്റ്. സാമ്ബത്തിക സർവേ ഇന്ന് സഭയുടെ മേശപ്പുറത്ത് വയ്ക്കും.
ഇന്ന് മുതല്‍ ആഗസ്റ്റ് 12 വരെയാണ് പാർലമെന്റിന്റെ ഇരുസഭകളും സമ്മേളിക്കുന്നത്. രാജ്യത്തിന്റെ സാമ്ബത്തികാവസ്ഥയുടെ നേർചിത്രമായ സാമ്ബത്തിക സർവേ ഇന്ന് സമർപ്പിച്ച ശേഷം ധനമന്ത്രി നിർമല സീതാരാമൻ നാളെ പൂർണ ബജറ്റ് അവതരിപ്പിക്കും. ഇടക്കാല ബജറ്റും വോട്ട് ഓണ്‍ അകൗണ്ടുമാണ് നേരത്തെ പാസാക്കിയിരുന്നത്.
വ്യോമയാനം, റബർ , കോഫി എന്നീ മേഖലകളില്‍ പരിഷ്കാരത്തിനു ഉപകരിക്കുന്ന സുപ്രധാന ആറു ബില്ലുകള്‍ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കും. നീറ്റ് പരീക്ഷയിലെ ക്രമക്കേട് , യുപിയിലെ കാവ്ഡ് യാത്ര വിഭജനത്തിനായി ദുരുപയോഗം ചെയ്യുന്നത് അടക്കമുള്ള വിഷയം പാർലമെന്റില്‍ ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ജമ്മു കശ്മീരിലെ ഭീകരാക്രമണവും ട്രെയിൻ അപകടങ്ങളും തുടർ പരമ്ബരകള്‍ ആകുന്നതിനെക്കുറിച്ച് സർക്കർ മറുപടി പറയണം എന്നതാണ് ഇൻഡ്യ സഖ്യത്തിന്റെ പ്രധാന ആവശ്യം. ഈ ആവശ്യങ്ങള്‍ സർക്കാർ അംഗീകരിച്ചില്ലെങ്കില്‍ പാർലമെന്റില്‍ പ്രതിഷേധം ഉയർത്തുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.
സ്പീക്കർ തെരെഞ്ഞെടുപ്പില്‍ സഹകരിച്ചിട്ടും ഡെപ്യൂട്ടി സ്പീക്കർ പദവി നല്‍കാതിരിക്കുന്നത് പ്രതിപക്ഷത്ത് കടുത്ത അമർഷം സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിന് ഇരുപത്തിനാലായിരം കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്നും ആലപുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് ബയോ സേഫ്റ്റി ലെവല്‍ മൂന്ന് പദവി നല്‍കണമെന്നും ഇന്നലെ നടന്ന സർവകക്ഷി യോഗത്തില്‍ സി.പി.ഐ രാജ്യസഭ കക്ഷി നേതാവ് പി സന്തോഷ് കുമാർ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
