സിദ്ദിഖിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു.

അമ്മയിൽ പൊട്ടിത്തെറി നടൻ സിദ്ദിഖിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയിൽ ജനറൽബോഡി തിരഞ്ഞെടുപ്പിനെ തുടർന്ന് ആരംഭിച്ച രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ശക്തമാവുകയാണ്. നടൻ സിദ്ദിക്ക് നേതൃ സ്ഥാനത്തേക്ക് വരാൻ തീരുമാനിക്കുന്ന സാഹചര്യത്തിലാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി അംഗങ്ങൾ മത്സരവുമായി രംഗത്തെത്തിയത് .നടൻ സിദ്ദിഖ് സംഘടനയുടെ തലപ്പത്ത് എത്തിയാൽ ഏകാധിപത്യ പ്രവണതകളും വിവേചനങ്ങളും സംഘടനയിൽ രൂക്ഷമാകുമെന്ന് ആരോപിച്ചു കൊണ്ടാണ്
ചിലർ മത്സര രംഗത്ത് എത്തിയത്.
അമ്മയുടെ മുൻ എക്സിക്യൂട്ടീവ് അംഗം കുക്കു പറമേശ്വരൻ സിദ്ദിഖിനെതിരെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ രംഗത്ത് വരികയും നിരവധി അംഗങ്ങൾ ഇതിന് പിന്തുണ നൽകി രംഗത്തിറങ്ങുകയും ചെയ്തു. ഈ ഘട്ടത്തിലാണ് ഉണ്ണി ശിവപാൽ ജനറൽ സെക്രട്ടറി പോസ്റ്റിലേക്ക് സ്ഥാനാർത്ഥിയായി അപ്രതീക്ഷിതമായി എത്തുന്നത്. സിദ്ദിഖിന് എതിരായ വോട്ടുകൾ ഭിന്നിച്ചു പോകുന്ന സാഹചര്യത്തിൽ ഉണ്ണി ശിവപാലിനെ പിൻവലിപ്പിക്കുവാനുള്ള ശ്രമം വിഫലമായതിനെ തുടർന്ന് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നു പേർ മത്സരാർത്ഥികളായി.
അമ്മയുടെ ഔദ്യോഗിക ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി താൻ ആണെന്നും തന്നെ എതിർക്കുന്നവർ അമ്മയിൽ രാഷ്ട്രീയം കലർത്താൻ ശ്രമിക്കുന്നവരാണെന്നും വിഭാഗീയത ഉണ്ടാക്കുന്നവരാണെന്നുമുൾപ്പടെ വലിയ തോതിലുള്ള പ്രചരണം സിദ്ധിക്കും സംഘവും അമ്മ മെമ്പർമാർക്കിടയിൽ നടത്തി എന്ന പരാതി അന്നേ ഉയർന്നു വന്നിരുന്നു എന്ന് പറയുന്നുണ്ട് .
എന്നാൽ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണ് സിദ്ദിഖ് വിരുദ്ധ സംഘത്തിന് ഉണ്ടായത്. റിസൾട്ട് വന്നപ്പോൾ മുഖ്യ ഭാരവാഹി സ്ഥാനാർത്ഥികളിൽ ഏറ്റവും കുറവ് വോട്ട് നേടിയ സ്ഥാനാർഥി സിദ്ദിഖ് ആയിരുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ എതിരില്ലാതെ തെരഞ്ഞെടുത്തപ്പോൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സാങ്കേതികമായി മാത്രമാണ് സിദ്ദിഖ് വിജയിച്ചതെന്നും 40% ൽ പരം വോട്ട് മാത്രമാണ് ലഭിച്ചതെന്നുമാണ് പലരുടെയും അഭിപ്രായം. ഉണ്ണി ശിവപാൽ മത്സരിക്കുന്ന സാഹചര്യം ഉണ്ടാകാതിരുന്നെങ്കിൽ സിദ്ദിഖ് പരാജയപ്പെടുമായിരുന്നുവെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. കേവലം 27 വോട്ടുകൾക്ക് മാത്രം സിദ്ദിഖ് വിജയിക്കുമ്പോൾ ഉണ്ണീ ശിവപാൽ നാൽപതോളം വോട്ട് നേടിയിരുന്നുവെന്നും മുപ്പത് വോട്ടുകൾ ആസാധു ആയി എന്നും പറയുന്നു. അസാധു വോട്ടുകൾ എല്ലാം തന്നെ കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമായി ഒരു പോസ്റ്റിലേക്ക് രണ്ട് വോട്ട് രേഖപ്പെടുത്തിയതുകൊണ്ട് ആസാധുവായ വോട്ടുകൾ ആയിരുന്നു എന്നാണ് അറിയുന്നത് .
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാം എന്നത് പോലെ തന്നെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും രണ്ട് വോട്ട് ചെയ്യാം എന്ന് തെറ്റിദ്ധരിപ്പിച്ച് സിദ്ദിഖിന് വോട്ട് ചെയ്യാൻ സാധ്യതയില്ലാത്ത സ്ത്രീകൾ ഉൾപ്പെടെ വരുന്ന അമ്മ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനെ തുടർന്നാണ് ഇത്രമാത്രം അസാധു വോട്ടുകൾ ഉണ്ടായതെന്നും ആരോപണമുണ്ട്.
സിനിമ മേഖലയിലെ സർവ്വ സന്നാഹങ്ങളും ഉന്നത സംവിധാനങ്ങളും ഉപയോഗിച്ചിട്ടും സിദ്ദിഖിന് 40% വോട്ടുകൾ ആണ് ലഭിച്ചത് എന്നത് അമ്മ അംഗങ്ങൾക്കിടയിൽ സിദ്ദിഖിന് എത്രമാത്രം സ്വീകാര്യത ഉണ്ട് എന്നതാണ് വ്യക്തമാക്കുന്നതെന്നാണ് സിദ്ദിഖിന്റെ എതിരാളികൾ ആരോപിക്കുന്നത്. ഏകപക്ഷീയമായ നിലപാടുകൾ ആയിരിക്കും അമ്മയിൽ ഇനി ഉണ്ടാകുവാൻ പോകുന്നത് എന്നാണ് ഇവരുടെ അഭിപ്രായം.
എക്സികുട്ടീ വിലെ വനിതാ സംവരണം ഫില്ല് ചെയ്യുന്നതിന്റെ ഭാഗമായി ഒരു വനിതാ അംഗത്തെ എക്സിക്യൂട്ടീവിലേക്ക് കൊണ്ടുവരേണ്ടതുണ്ടായിരുന്നു. അതിന്റെ ഭാഗമായി ജനറൽ ബോഡി യോഗത്തിൽ നിരവധി പേരുകൾ ഉയർന്നു വന്നിരുന്നു. എന്നാൽ ജനറൽബോഡിയിൽ ഒരംഗം പോലും നിർദ്ദേശിക്കാത്ത ജോമോളെയാണ് ഇപ്പോൾ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ എക്സിക്യൂട്ടീവ് അംഗമായി കൊണ്ടുവന്നിട്ടുള്ളത് എന്നാണ് ആരോപണം .
തനിക്കെതിരെ വോട്ട് ചെയ്തു എന്ന കാരണത്താലാണ് ജനറൽബോഡിയിൽ ജനാധിപത്യപ്രകാരം ഉയർന്നുവന്ന പേരുകൾ പരിഗണിക്കാതെ മറ്റൊരു നടിയുടെ പേര് ഏകപക്ഷീയമായി സിദ്ദിഖ് തീരുമാനിച്ച് നടപ്പിലാക്കിയത് എന്നതിൽ പ്രതിഷേധമുയരുന്നുണ്ട്.
അമ്മയുടെ വൈസ് പ്രസിഡൻ്റായി മത്സരിച്ച് വിജയിച്ച ജയൻ ചേർത്തലയും ചില എക്സികുട്ടീവ് അംഗങ്ങളും ഇതിൽ പ്രതിഷേധിച്ചതായി അറിയുന്നു.
ഏകപക്ഷീയമായ ഈ നടപടിക്കെതിരെ നിരവധി അംഗങ്ങൾ അമ്മ പ്രസിഡണ്ട് മോഹൻലാലിന് പരാതി നൽകിയിട്ടുള്ളതായും റിപ്പോർട്ട് ഉണ്ട്. തുടക്കത്തിലെ നേതൃത്വത്തിൻ്റെ നടപടികൾ ഇങ്ങനെ ആയാൽ കാര്യങ്ങൾ ഗുരുതരമായേക്കും.
ഏതായാലും ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് തിരുത്തൽ സംഘങ്ങൾ എന്നാണ് ചർച്ചകൾ.
ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ അമ്മയിൽ ഉണ്ടാകുവാൻ പോകുന്ന പൊട്ടിത്തെറികളുടെ തുടക്കമായി ഇതിനെ കാണാൻ സാധിക്കുമെന്നും നിരീക്ഷകർ പറയുന്നു.
